തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് പിന്നിട്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ സ്ഥിതിയില്‍. മിക്ക മെഡിക്കല്‍ കോളജുകളിലും വിദഗ്ധചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലായി. ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
രോഗികളെ ആശുപത്രിയില്‍നിന്ന് തിരിച്ചയക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും ഇന്ന് 24 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌ക്കരണ സമരം നടത്തുകയാണ്. രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ കോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്നാണ് ഹൗസ് സര്‍ജന്‍മാര്‍ വിട്ടുനില്‍ക്കുന്നത്.
ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു.
Discussion about this post