കൊച്ചി: ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയത്തില്‍ കേരളാ പോലീസിനെതിരേ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന ഡിജിപിയുടെ വിശദീകരണം തെറ്റാണ്. പോലീസ് ക്ലബില്‍ ഇരുന്നാണോ ഇതിന്റെ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.
പോലീസുകാരിയെ പോലീസ് മേധാവി എന്തിനാണ് സംരക്ഷിക്കുന്നത്. ഉദ്യോഗസ്ഥയ്‌ക്കെതിരേ എന്ത് നടപടിയെടുത്തെന്ന് ഇതുവരെ ഡിജിപി വ്യക്തമാക്കിയിട്ടില്ല. അച്ചടക്ക നടപടി എടുക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും കോടതി പറഞ്ഞു.
പോലീസ് ഉദ്യേഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുടുംബത്തോട് കോടതി ചോദിച്ചു. എന്നാല്‍ ആ കുടുംബം അനുഭവിച്ച മാനസിക പീഢനം വലുതെന്നും സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.
ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാകാം, എന്നാല്‍ മറുപടി പറയാനുള്ള ബാധ്യത പോലീസുകാരിക്കുണ്ട്. കേസില്‍ നിതി കിട്ടിയെന്ന് കുട്ടിക്കും കുടുംബത്തിനും തോന്നണം. മാനസികമായ പിന്തുണ നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതു മാത്രമാണോ കുട്ടിക്ക് ആവശ്യമെന്നും കോടതി ചോദിച്ചു.
കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. നന്പി നാരായണന് കൊടുത്തതുപോലെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. തിങ്കളാഴ്ച ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post