തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ആറ് പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍, ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി, ആണ്‍കുട്ടി, ഘാനയില്‍ നിന്നുമെത്തിയ യുവതി, അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ യുവതി എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ദമ്പതികള്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് തിരുവനന്തപുരത്ത് രോഗം പിടിപെട്ടത്.
ഡിസംബര്‍ 18, 19 തീയതികളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പേരും കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല.
ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 51 വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Discussion about this post