ഇടുക്കി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ (71) സംസ്‌കാരം ഇന്ന് നടക്കും. പി.ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലരയോടെ ഇടുക്കി ഉപ്പുതോടിലെ തറവാട്ടുവീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
ഉപ്പുതോട്ടിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. തൊടുപുഴ രാജ്ഭവനില്‍ രാവിലെ ഏഴരയോടെ പൊതുദര്‍ശനം നടത്തും. രാവിലെ ഒമ്പതോടെ കൊച്ചി പാലാരിവട്ടം വയലാശേരി റോഡിലെ വസതിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ഡിസിസി ഓഫീസിലും 1.30 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം.
രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളില്‍ ആദരാഞ്ജലിയര്‍പ്പിക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തില്‍. പി.ടി. തോമസിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയിലേക്ക് ദാനം ചെയ്തിരുന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായ അര്‍ബുദബാധയെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.15 നായിരുന്നു അന്ത്യം. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളില്‍നിന്ന് രണ്ടുതവണ വീതം എംഎല്‍എയും ഇടുക്കിയില്‍നിന്ന് ഒരുവട്ടം എംപിയുമായി. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ ചീഫ് എഡിറ്ററായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്.
ഇടുക്കി ഉപ്പുതോട് പുതിയാപറമ്പില്‍ തോമസ്-അന്നമ്മ ദന്പതികളുടെ മകനായി 1950 ഡിസംബര്‍ 12ന് ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബറായിരുന്നു.
1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991ലും 2001ലും തൊടുപുഴയില്‍നിന്നും 2016ലും 2021ലും തൃക്കാക്കരയില്‍നിന്നും നിയമസഭയിലെത്തി. 1996ലും 2006ലും തൊടുപുഴയില്‍ പരാജയപ്പെട്ടു. 2009ല്‍ ഇടുക്കിയില്‍നിന്നു ലോക്‌സഭാംഗമായി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും വേറിട്ടുനിന്നു. ഭാര്യ: ഉമ തോമസ് (ആസ്റ്റര്‍ മെഡ്സിറ്റി). മക്കള്‍: ഡോ. വിഷ്ണു, വിവേക് (നിയമവിദ്യാര്‍ഥി). മരുമകള്‍: ഡോ. ബിന്ദു.
കണ്ണുകള്‍ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും പി.ടി. തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുംതീരം’എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തില്‍ രേഖപ്പെടുത്തിയിരുന്നു.
Discussion about this post