ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ലഭിച്ചിരിക്കുന്നത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ വളരെ ഗൗരവതരവും, ബോധപൂര്‍വ്വവുമായ വീഴ്ചയാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കാന്‍ ചീഫ് ജസ്റ്റിസ് സംഘടനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ മാനീന്ദര്‍ സിംഗ് പഞ്ചാബില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ പ്രശ്നം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുന്‍പാകെ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ഗൗരവ സ്വഭാവമുള്ളതാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പൊതു താത്പര്യ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Discussion about this post