ന്യൂഡല്‍ഹി : സമൂഹത്തിലെ ഏല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ രാജ്യത്തെ നിയമ സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എംപിമാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടി ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് യഥാസമയം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. നിലവില്‍ താഴെക്കിടയിലുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി നിലവിലെ നിയമങ്ങള്‍ പരാജയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. പ്രധാനമായും ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന മന്ത്രത്തില്‍ അധിഷ്ഠിതമായാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആഭ്യന്തര മന്ത്രി എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും, പ്രധാനമായും താഴെക്കിടയിലുള്ള ആളുകള്‍ക്ക് നീതി ഉടന്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമായും ക്രിമിനല്‍ നിയമങ്ങളിലാണ് ഭേദഗതിവേണ്ടതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വേണമെന്നാണ് കഴിഞ്ഞ 70 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയില്‍ മാറ്റം ആവശ്യമാണ്. ജനാഭിലാഷത്തിന് അനുസരിച്ച് നിയമങ്ങളില്‍ മാറ്റം കൊണ്ടുവരും. പൊതുജന കേന്ദ്രീകൃതമായ നിയമ സംവിധാനങ്ങള്‍ ആണ് തങ്ങള്‍ക്ക് വേണ്ടതെന്നും അമിത് ഷായുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
എംപിമാര്‍ക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേററ്റര്‍മാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ട്.
Discussion about this post