ന്യൂഡല്‍ഹി: ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഭീകരര്‍ ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകള്‍ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാന്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്താവിതരണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തു തരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.ദേശീയസുരക്ഷ ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെ, ഓണ്‍ലൈന്‍ രംഗത്ത് ഇന്ത്യ കൂടുതല്‍ ജാഗ്രത ഏപ്പെടുത്തുന്നതിന്റെ സൂചനയായി ഈ നിക്കം വിലയിരുത്തപ്പെടുന്നു.
ഇതിനകം രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞ ഐടി നിയമം അനുസരിച്ച്, കോടതി വിധിയില്ലാതെ തന്നെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ (പാസ്‌വേഡുകള്‍ അടക്കം) സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍, ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്.
എന്നിരുന്നാലും, മിക്ക കമ്പനികളും കോടതി വിധിയില്ലാതെ ഇപ്പോഴും വിവരങ്ങള്‍ നിയമപാലകര്‍ക്ക് കൈമാറാന്‍ തയ്യാറാകുന്നില്ല. യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കോടതി ഉത്തരവില്ലാതെ കൈമാറില്ല എന്ന് ട്വിറ്റര്‍ അതിന്റെ ഗൈഡ്‌ലൈന്‍സില്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെയും നിലപാടും മറിച്ചല്ല. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്നുവെന്നാണ് റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തല്‍.
ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ ‘റിസര്‍ച്ച് ഇന്‍ മോഷന്‍’ (റിം) കമ്പനിയോടും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് ആവശ്യപ്പെട്ടു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
Discussion about this post