തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിലേക്ക് നാല് ജില്ലകളെ കൂടി ഉള്‍പ്പെടുത്തി.
കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരിക. ഇതോടെ സി വിഭാഗത്തിലുള്ള ജില്ലകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം ജില്ലയെ ഈ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ തീയറ്ററുകളും ഹെല്‍ത്ത് ക്ലബുകളും നീന്തല്‍ കുളങ്ങളും അടയ്ക്കണം. പൊതു പരിപാടികള്‍ നടത്താന്‍ പാടില്ല. ആരാധാനാലയങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.
കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം ഓഫ് ലൈനായി നടത്താം. ശേഷിക്കുന്ന എല്ലാ ക്ലാസുകളും ഓണ്‍ലൈനായി നടത്തണം.













