നടുമ്പാശേരി: പാരീസിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ ശ്രീലങ്കയിലെ ജാഹ്നഫ്‌നഹ്ന സ്വദേശി നന്ദകുമാര്‍ രാജരത്‌നത്തിനു തമിഴ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി. നന്ദകുമാറിന്റെ കാലിലുള്ള പാട് ശ്രീലങ്കന്‍ പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്നു മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കറ്റ് വഴി പാരീസിനു പോകാനാണ് ഇയാള്‍ എത്തിയത്. വ്യാജ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നതിനാലാണു പിടിക്കപ്പെട്ടത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫ്രഞ്ച് പാസ്‌പോര്‍ട്ടും വീസയും വ്യാജമായിരുന്നു. ഫ്രഞ്ചുകാരന്റെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഇയാള്‍ ഹാജരാക്കിയത്.
ഇയാളുടെ മാതാവിന്റെ സഹോദരിയുടെ രണ്ടു മക്കള്‍ ശ്രീലങ്കന്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചു. സഹോദരി നന്ദിനി തീവ്രവാദിസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുമ്പോള്‍ പട്ടാളത്തിന്റെ പിടിയിലായി തടങ്കലിലായെന്നും തെളിഞ്ഞിട്ടുണ്ട്. പിന്നീട് ഇവര്‍ക്കു മാപ്പു നല്‍കുകയായിരുന്നുവത്രെ. സൈനികാക്രമണത്തില്‍ പരുക്കേറ്റ നന്ദകുമാറിനെ ചികില്‍സിച്ച ആശുപത്രിയുമായി എംബസി വഴി ബന്ധപ്പെട്ട് തെളിവെടുപ്പിനു പൊലീസ് ശ്രമിക്കുന്നുണ്ട്.
ശ്രീലങ്കയില്‍ തീവ്രവാദി സംഘങ്ങള്‍ക്കെതിരെപട്ടാള നടപടി കര്‍ശനമാക്കിയതിനെത്തുടര്‍ന്നു തമിഴ്‌നാട്ടിലേക്കു പോന്നതാണിയാള്‍. ശ്രീലങ്കയിലെ ചില നമ്പറുകളിലേക്ക് ഇയാളുടെ ഫോണില്‍ നിന്നു നിരന്തരം വിളികളുണ്ടായിട്ടുണ്ട്. തീവ്രവാദി സംഘങ്ങള്‍ തന്നെയാകാം ഇയാളെ പാരീസിലേക്കു കടത്താന്‍ ശ്രമിച്ചതെന്നാണു പ്രഥമാന്വേഷണത്തില്‍ വ്യക്‌തമാകുന്നത്. ഫ്രാന്‍സില്‍ നിന്നു മോഷ്‌ടിച്ച് അയച്ച പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. ഇയാള്‍ക്ക് ഒത്താശ ചെയ്‌തു നല്‍കിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥനും കൊച്ചിയിലെ ട്രാവന്‍ ഏജന്‍സിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Discussion about this post