തിരുവനന്തപുരം: പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം പോലീസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്തത്.
പോലീസ് സേനാംഗങ്ങള്‍ക്ക് ആധുനിക പരിശീലനം കിട്ടിയിട്ടും പഴയ തികട്ടലുകള്‍ ഇപ്പോഴും ചിലരിലുണ്ട്. ഇത്തരം പെരുമാറ്റം പൊതുവെ പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. കാലം മാറിയെങ്കിലും സേനയില്‍ പോലീസിന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. പഴയകാലത്ത് അധികാരികള്‍ പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താനായിരുന്നു.
പോലീസിന് നല്‍കുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് വിനയാകുമെന്നും അദ്ദേഹം പറഞ്ഞു. 1957 ലെ ഇ എം എസ് സര്‍ക്കാരാണ് അത് വരെയുണ്ടായിരുന്ന പോലീസ് സമ്പ്രാദായങ്ങളെ മാറ്റിയത്. പോലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പോലീസ് മാറി.
പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓര്‍മ്മിപ്പിക്കുന്നതെന്നും നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യമെന്നും പോലീസ് ഒരു പ്രഫഷണല്‍ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.














Discussion about this post