അഹമ്മദാബാദ്: പാക്കിസ്ഥാനില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്) പിടികൂടി. ബോട്ട് കണ്ടെത്തിയ കണ്ടല്‍കാടും ചതുപ്പും നിറഞ്ഞ പ്രദേശത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. 11 ബോട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഇവിടെഎത്തിയിരിക്കാമെന്ന നിഗമനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കടലിലും നിരീക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഗുജറാത്ത് പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ ഭുജിന് സമീപം പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ പട്രോളിംഗിന് ഇടയിലാണ് 11 ബോട്ടുകള്‍ കണ്ടെത്തിയത്. തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകള്‍. ബോട്ടുകളില്‍ എത്തിയവര്‍ ആരെന്നതില്‍ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. വിശദമായ പരിശോധനയും ചോദ്യം ചെയ്യലും തുടരുകായാണ്.













