ന്യൂദല്‍ഹി: ന്യൂദല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണക്കേസില്‍ ലഷ്കറെ തൊയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫ് എന്ന അഷ്ഫക്കിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിലാണ് ലഷ്കര്‍ ഭീകരര്‍ അഷ്ഫക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇത് പിന്നീട് ദല്‍ഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ വി.എസ്. സിര്‍വുകര്‍, ടി.എസ്. താക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 20നാണ് സുപ്രീംകോടതി അഷ്ഫക്കിന്റെ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്. 2007 സപ്തംബര്‍ 13നാണ് സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവെച്ചത്. അഷ്ഫക്കിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി കൂട്ടുപ്രതികളായ ആറ് ഭീകരര്‍ക്ക് വിവിധ കാലയളവുകളിലായി സെഷന്‍സ് കോടതി വിധിച്ച ജയില്‍ശിക്ഷ അസാധുവാക്കുകയും ചെയ്തു.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറി. ഹര്‍ജി തള്ളണമെന്ന ശുപാര്‍ശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജി കൈമാറിയതെന്ന് അറിയുന്നു. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മാസം 27ന് രാഷ്ട്രപതിയുടെ ഓഫീസില്‍ സമര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാജ്യസഭയില്‍ വ്യക്തമാക്കി. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളില്‍ സത്യസന്ധവും അതിവേഗവുമുള്ള പരിഗണന ഭരണപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post