തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ബി നിലവറ തുറക്കുന്നവരുടെ വംശനാശത്തിനിടവരും. തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേല്‍ക്കുമെന്നും നിലവറയില്‍ പ്രവേശിക്കാനുള്ള അധികാരം ഭഗവാന് മാത്രമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയതായി ജ്യോതിഷികള്‍ പറഞ്ഞു. ദേവന് അഹിതം പ്രവര്‍ത്തിക്കുന്നതിലൂടെ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ക്ഷേത്രത്തില്‍ മോഷണവും രാജകുടുംബത്തിന് അപകടവുമുണ്ടാകാമെന്ന് ദേവപ്രശ്‌നത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ മൂന്നാം ദിവസം നടന്ന താംബൂല പ്രശ്‌നത്തിലാണ് ഈ കണ്ടെത്തലുകള്‍ ഉണ്ടായത്.
ക്ഷേത്രത്തിലുള്ള ആറ് നിലവറകളില്‍ ബി നിലവറ തുറക്കാന്‍ ആര്‍ക്കും അധികാരമില്ല. ശാസ്ത്രവും നീതിയും ഇക്കാര്യത്തില്‍ ബാധകമല്ലെന്ന് തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേവപ്രശ്‌നത്തിന്റെ ഭാഗമായ താംബൂലപ്രശ്‌നം ബുധനാഴ്ച അവസാനിച്ചിരുന്നു. ഇതുവരെ നടന്ന ചിന്തകളുടെയും കണ്ട ലക്ഷണങ്ങളുടെയും അവലോകനമാണ് വ്യാഴാഴ്ച നടന്നത്.
വിധിയില്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തങ്ങള്‍ ചെയ്താലും മോഷണത്തെ തടയാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടി. ഇതിന് ശക്തമായ സുരക്ഷാസേനയെ ശക്തമാക്കണം. വേദപാരായണത്തിനും നാമജപത്തിനും മാത്രമേ അകത്തെ ചൈതന്യത്തെ ശക്തിപ്പെടുത്താനാകൂ എന്നും അവര്‍ ആവര്‍ത്തിച്ചു.
Discussion about this post