തിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരും അഖില ഭാരതീയ സന്ത് സമിതിയുടെ ഉത്തരഭാരതത്തിലുള്ള ഉന്നത നേതാക്കളും പങ്കെടുക്കുന്ന സന്യാസി സംഗമം മെയ് 14, 15 തീയതികളില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും.
14ന് ശനിയാഴ്ച രാവിലെ 9.00ന് അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ അവിചല്‍ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ സന്ത് സമിതിയുടെ വൈസ് പ്രസിഡന്റ് കമല്‍ നയന്‍ ദാസ് ജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. സംഘടനയുടെ ജനറല്‍ സെക്രട്ടറി ജിതേന്ദ്രാനന്ദ സരസ്വതി, ആചാര്യ ധര്‍മ്മ ദേവ് ജി, അഖില ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി കൃഷ്ണാനന്ദ സരസ്വതി മുംബൈ കൂടാതെ പ്രമുഖ ആശ്രമങ്ങളിലെ ആചാര്യശ്രേഷ്ഠന്‍മാര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.
15-ാം തീയതി രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംഗമവേദിയില്‍ ക്ഷേത്ര വിമോചനം, ക്ഷേത്രാചാരാനുഷ്ടനങ്ങളുടെ പുന:സ്ഥാപനം, ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രമുഖ സന്യാസിമാര്‍ ചര്‍ച്ചകളും വശകലനങ്ങളും നടത്തും. കുമ്മനം രാജശേഖരന്‍, ടി.പി.സെന്‍കുമാര്‍, പി.അശോക് കുമാര്‍, ഡോ.പ്രമീളാദേവി, അഡ്വ.കൃഷ്ണരാജ്, രഞ്ജിത്ത് കാര്‍ത്തികേയന്‍ CA, മാധവന്‍ ബി നായര്‍, സ്വാമി ശിവാമൃതാനന്ദപുരി, ഡോ. ചന്ദ്രശേഖരന്‍ നായര്‍ , കെ.ആര്‍.മനോജ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. സന്യാസി സംഗമത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും വിശകലനങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.
കേരളത്തില്‍ ഇദംപ്രഥമമായി നടക്കുന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തിന് ഒരുക്കുങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍ അറിയിച്ചു.
Discussion about this post