തൃശ്ശൂര്‍: ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷരിലൊരാളായി ഭജനാനന്ദ സ്വാമികള്‍ നിയുക്തനായി. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം. തപസ്യാനന്ദ സ്വാമികള്‍, രംഗനാഥാനന്ദ സ്വാമികള്‍ എന്നിവരാണ് മുമ്പ് ഈ സ്ഥാനത്തെത്തിയവര്‍. ‘പ്രബുദ്ധ ഭാരത’ ഇംഗ്ലീഷ് മാസികയുടെ പത്രാധിപര്‍, രാമകൃഷ്ണ മിഷന്റെ അസിസ്റ്റന്റ് സെക്രട്ടറി, ട്രസ്റ്റി, ബേലൂര്‍ മഠത്തിലെ ബ്രഹ്മചാരി പരിശീലന കേന്ദ്രത്തിലെ ആചാര്യന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഭജനാനന്ദ സ്വാമികള്‍ ദാര്‍ശികനും പണ്ഡിതനും എഴുത്തുകാരനുമാണ്. പാതഞ്ജല യോഗം, ആധുനിക മനശ്ശാസ്ത്രം, മതദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള സ്വാമിജിയുടെ എഡിറ്റോറിയലുകളും സ്വതന്ത്ര കൃതികളും ആഗോളമായിത്തന്നെ പ്രസിദ്ധങ്ങളാണ്. എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തു ജനിച്ച സ്വാമികള്‍ ശ്രീമൂല വിലാസം സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളജ്, വെള്ളായണി കാര്‍ഷിക കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.
ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മഠാധിപതിയായിരുന്ന യതീശ്വരാനന്ദ സ്വാമികള്‍ 1958ല്‍ തൃശ്ശൂര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ വച്ച് മന്ത്രദീക്ഷ നല്കി. ആഗമാനന്ദ സ്വാമികളുടെ നിര്‍ദേശ പ്രകാരമാണ് 1961ല്‍ ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നത്. രാമകൃഷ്ണ മിഷന്റെ ആഗോളാധ്യക്ഷനായിരുന്ന വീരേശ്വരാനന്ദ സ്വാമികളില്‍ നിന്ന് 1970ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ച ഭജനാനന്ദ സ്വാമികള്‍ 1979ല്‍ ‘പ്രബുദ്ധ ഭാരത’ മാസികയുടെ പത്രാധിപരായി.
Discussion about this post