ന്യൂഡല്‍ഹി: രാജ്യത്ത് ജഡ്ജിമാരെ ഉന്നംവയ്ക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് ഇക്കാലത്ത് ഫാഷനായി മാറിയിരിക്കുകയാണെന്നും കോടതി.
ഈ പ്രവണത കൂടുതലുള്ളത് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു അഭിഭാഷകന്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 15 ദിവസത്തെ തടവിന് ശിക്ഷിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. അഭിഭാഷകര്‍ നിയമത്തിന് അതീതരല്ലെന്നും ശിക്ഷ ശരിവച്ചുകൊണ്ട് കോടതി പറഞ്ഞു.
ജഡ്ജി എത്രാത്തോളം ശക്തനാണോ അത്രയും മോശമായ ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള ജഡ്ജിമാര്‍ ആക്രമിക്കപെടുകയാണ്. ജില്ലാ ജഡ്ജിമാര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.













