കോട്ടയം: ഒരു മതത്തെയും വിമര്‍ശിക്കാനില്ലെന്ന് മുന്‍ എം എല്‍ എ പി സി ജോര്‍ജ്. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാദ്ധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി ജെ പി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നും അവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. തന്നെ ജയിലിലിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്നും, മുഖ്യമന്ത്രിയ്ക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിദ്വേഷപ്രസംഗം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴോടെയാണ് പി സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചും മാലയിട്ടുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.













