കാസര്‍കോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ അധികമായി ചേര്‍ത്ത കാര്യം വ്യക്തമാക്കുന്നത്.
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി കോഴ നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് സുന്ദര വെളിപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളുമുള്‍പ്പടെ ആറ് പേരാണ് പ്രതികള്‍. കെ സുരേന്ദ്രനാണ് മുഖ്യപ്രതി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയായിരുന്നു കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളില്‍ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് തീരുമാനം.
ദുര്‍ബലമായ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും മുന്‍പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണസംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ചാണ് പുതിയ നടപടി.
Discussion about this post