സഞ്ചരിക്കുക എന്നത് ഒരുപൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യമാണ്; ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇതിന് നിയന്ത്രണമുണ്ടെങ്കിലും. സഞ്ചരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് റോഡുകള്‍. എന്നാല്‍ കേരളത്തില്‍ ഇന്ന് സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്ന തരത്തില്‍ റോഡുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. ഇത് പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് റോഡരികില്‍ യോഗങ്ങള്‍ നടത്തുന്നത് കഴിഞ്ഞദിവസം ഹൈക്കോടതി നിരോധിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ ഉത്തരവ് എന്നാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
റോഡുകളെ കേരളത്തിലേത് പോലെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മറ്റൊരു സംസ്ഥാനവും ഭാരതത്തിലില്ല. രാഷ്‌ട്രീയാതിപ്രസരത്താല്‍ വീര്‍പ്പുമുട്ടുന്ന കേരളത്തില്‍ റോഡരികില്‍ സ്റ്റേജ് നിര്‍മ്മിച്ച് പൊതുയോഗങ്ങള്‍ നടത്തുന്നത് സ്ഥിരം കാഴ്‌ചയാണ്. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന നരകയാതനയ്‌ക്ക് അറുതിവരുത്താനാണ് ഹൈക്കോടതിയുടെ ശ്രമം.
ദേശീയ ശരാശരിയെക്കാള്‍ എത്രയോ ഇരട്ടി വേഗതയിലാണ് കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ റോഡുകളുടെ സ്ഥിതി തികച്ചും പരിതാപകരമാണ്. നാഷണല്‍ ഹൈവേയില്‍ പോലും നാലുവരിക്കപ്പുറത്ത് വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയില്ല. അപ്പോള്‍ മറ്റു റോഡുകളുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. സ്‌കൂള്‍, കോളേജ്, ഓഫീസ് എന്നിവിടങ്ങളില്‍ എത്തേണ്ടതും അവിടെനിന്ന് തിരികെപ്പോകുന്നതുമായ സമയങ്ങളില്‍ വാഹന തിരക്കില്‍ കേരളം വീര്‍പ്പുമുട്ടുകയാണ്. ട്രാഫിക് തടസ്സമുണ്ടാകാത്ത ഒരു നഗരം പോലും കേരളത്തില്‍ ഇല്ല എന്നതാണ് സത്യം.
നഗരത്തിന്റെയും ഗ്രാമത്തിന്റെയും അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്ന തരത്തിലാണ് കേരളത്തില്‍ ജനസാന്ദ്രത വര്‍ദ്ധിപ്പിക്കുന്നത്. ആ നിലയില്‍ വാഹനത്തിരക്കു മൂലം വഴിയാത്രപോലും ദുഷ്‌കരമാകുന്ന തരത്തിലാണ് കേരളത്തിലെ റോഡുകളുടെ അവസ്ഥ. ഈ സ്ഥിതിയില്‍ റോഡ് വക്കത്ത് സ്റ്റേജ് കെട്ടി പൊതുയോഗം കൂടി നടത്തുക എന്ന ജനങ്ങളെ വെറുപ്പിക്കുന്ന പരിപാടിയില്‍ നിന്ന് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളൊന്നും സ്വയമേവ പിന്‍മാറുന്ന ലക്ഷണമില്ല. ഈ പശ്ചാത്തലത്തിലാണ് ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചത്. പൊതു പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്.
റോഡരികില്‍ സമ്മേളനങ്ങളും മറ്റും നടത്തുന്നതുമൂലം അതില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് അശ്രദ്ധമായി ഓടിച്ചുവരുന്ന വാഹനങ്ങള്‍ ഇടിച്ചുകയറി മരണം സംഭവിച്ചേക്കാമെന്നുമാത്രമല്ല അത്തരം അനുഭവങ്ങള്‍ ഉണ്ടായ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ തിരക്കേറിയ സമയത്താണ് യോഗങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഇതുമൂലം മണിക്കൂറുകള്‍ കാല്‍നടയാത്രക്കാര്‍ക്കുപോലും കടന്നുപോകാന്‍ കഴിയില്ല. വാഹന തടസ്സം മൂലം മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിക്കുകയും ചെയ്യും. അത്യാഹിതാവസ്ഥയിലുള്ള രോഗികള്‍ക്കു പോലും യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ല.
കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ആണ് രംഗത്തെത്തിയതെങ്കില്‍ ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ കോടതി വിധിയെ വെല്ലുവിളിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും മറ്റും റോഡുവക്കത്ത് പൊതുയോഗങ്ങള്‍ നടത്തിയിരുന്നു എന്നാണ് ഡിവൈഎഫ് കണ്ടെത്തിയത്. വിദേശ ഭരണം നാടുകടത്താന്‍ സ്വീകരിച്ച സമരമാര്‍ഗ്ഗങ്ങള്‍ പരമാധികാര രാഷ്‌ട്രമായ ഭാരതത്തില്‍ വീണ്ടും നടത്താന്‍ കഴിയുമോ എന്ന് ഡിവൈഎഫ്‌ഐ ആലോചിക്കണം. നിസ്സഹകരണ സമരവും മറ്റും അന്ന് നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ അതുപോലെയുള്ള സമരങ്ങള്‍ ഇപ്പോള്‍ നടത്താന്‍ കഴിയുമോ? മാത്രമല്ല ആ കാലഘട്ടത്തില്‍ റോഡുകളില്‍ ഇത്ര ജനബാഹുല്യമോ വാഹനപ്പെരുപ്പമോ ഇല്ലായിരുന്നു എന്നകാര്യം ഡിവൈഎഫ്‌ഐ മറന്നുപോയി.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ ആ പ്രതിഷേധത്തിന് പരിധികളുണ്ടെന്ന കാര്യം മറക്കരുത്. പ്രതിഷേധിക്കാത്തവരുടെയും നിഷ്‌പക്ഷമതികളുടെയും സാധാരണക്കാരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ല. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പ്രതിഷേധം നടത്തുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ്. ഇത് ഹൈക്കോടതി എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഈ ഉത്തരവിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നത് അത തന്നെയാണ്.
പൊതുയോഗങ്ങള്‍ക്ക് ഞായറാഴ്‌ച മാത്രം അനുമതി നല്‍കുന്ന കാര്യവും അതിനായി സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം വിട്ടുകൊടുക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിഗണനാര്‍ഹമായ ഈ വിഷയം അതീവ ഗൗരവത്തോടെ പരിഗണിച്ച് റോഡികിലെ യോഗങ്ങള്‍ക്ക് കര്‍ശനമായി തടയിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ശക്തമായി സര്‍ക്കാര്‍ നടപ്പിലാക്കണം.
Discussion about this post