കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കൂര്യാക്കോസ് ഹാജരായി.
ഈ മാസം 27 മുതല്‍ ജൂലായ് മൂന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം നല്‍കി വിട്ടയയ്ക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു.
നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതില്‍ ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
എന്നാല്‍ വിജയ് ബാബുവില്‍ നിന്ന് കടുത്ത ലൈംഗിക പീഡനവും ചൂഷണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതില്‍ വ്യക്തമാക്കി.
Discussion about this post