ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ജനതയ്ക്കു പിന്തുണ നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ശ്രീലങ്കന്‍ ജനതയ്ക്കു തുടര്‍ന്നും എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ശ്രീലങ്കയിലെ ജനങ്ങള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയും ഭരണഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധിക്കണമെന്ന് വിദേശകാര്യ വക്താവ് അറിംഗ്ധം ബാഗ്ചി പറഞ്ഞു. ശ്രീലങ്ക ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍ രാജ്യമാണ്.
ഇരു രാജ്യങ്ങളും വളരെ ശക്തമായ ബന്ധം പുലര്‍ത്തുന്നു. ശ്രീലങ്കയിലെ ജനങ്ങള്‍ കടന്നു പോകുന്ന പ്രതിസന്ധികളെക്കുറിച്ച് ഇന്ത്യക്കു ധാരണയുണ്ട്. പ്രതിസന്ധികളില്‍ ഇന്ത്യ ഇതുവരെ ശ്രീലങ്കന്‍ ജനതയുടെ കൂടെയാണു നിന്നിട്ടുള്ളത്. ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ ഇതിനോടകം ഭീമമായ സാന്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഇത്തരം സഹായങ്ങള്‍ നല്‍കുമെന്നും അറിംഗ്ധം ബാഗ്ചി പറഞ്ഞു.













