ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പരീക്ഷ ഞായറാഴ്ച തന്നെ നടക്കും. വിദ്യാര്‍ഥികളായതുകൊണ്ടുമാത്രം ഹര്‍ജിക്കാരെ വിമര്‍ശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍നിന്ന് അടക്കമുള്ള 15 വിദ്യാര്‍ഥികളാണ് പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി ഡല്‍ഹി കോടതിയെ സമീപിച്ചത്. നീറ്റ് പരീക്ഷയ്ക്കൊപ്പം തന്നെ എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പരീക്ഷയും, കേന്ദ്ര സര്‍വകലാശാലകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയും നടക്കുകയാണ്.
പരീക്ഷകള്‍ അടുപ്പിച്ച് വരുന്നത് വിദ്യാര്‍ഥികള്‍ക്ക് മാനസിക ഭാരം ഉണ്ടാക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സിബിഎസ്ഇ പരീക്ഷകള്‍ കഴിഞ്ഞ് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് മറ്റ് പരീക്ഷകള്‍ നടത്തുന്നത് ശരിയല്ലെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു.
എന്നാല്‍ 15 വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ മാറ്റാനാവില്ലെന്ന് കോടതി പറഞ്ഞു. വിദ്യാര്‍ഥികള്‍ അവരുടെ ആശങ്ക പ്രകടിപ്പിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയായതിനാലാണ് പിഴ പോലെയുള്ള നടപടികള്‍ സ്വീകരിക്കാത്തതെന്നും കോടതി വ്യക്തമാക്കി.













