ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍,സേനാ മേധാവിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ മുര്‍മു മഹാത്മാ ഗാന്ധി നല്‍കിയ പാഠങ്ങള്‍ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.
ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ രാഷ്ട്രപതി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, തുടങ്ങി പല പ്രത്യേകതകള്‍ മുര്‍മുവിന് സ്വന്തമാണ്. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡല്‍ഹി ഇന്നലെമുതല്‍ ആഘോഷ തിമിര്‍പ്പിലായിരുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ കലാസംഘങ്ങള്‍ മുര്‍മുവിന്റെ വസതിയില്‍ എത്തിയിരുന്നു.













