ന്യൂഡല്‍ഹി: 2007ല്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഹിമ കൊഹ്ലി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
‘അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ഞങ്ങള്‍ കരുതുന്നു. തല്‍ഫലമായി, അപ്പീല്‍ നിരസിക്കുന്നു’- വിധി വായിച്ചുകൊണ്ട് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു.
2007 ജനുവരി 27 ന് ഗോരഖ്പൂരില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ജിക്കാരനായ പര്‍വേസ് ആരോപിച്ചിരുന്നത്. 2017 മേയ് മൂന്നിന് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ച യു.പി സര്‍ക്കാരിന്റെ തീരുമാനത്തെയും ഹര്ജിക്കാരന് വെല്ലുവിളിച്ചു.
യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് തെളിഞ്ഞുവെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. വിദ്വേഷ പ്രസംഗം രേഖപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന സി.ഡി കൃത്രിമവും വ്യാജവുമാണെന്നായിരുന്നു മറുവാദം.
Discussion about this post