ഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തിലെ കേന്ദ്ര നിലപാടില്‍ അവ്യക്തത. സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശത്തിന് പകരം വ്യക്തതയാണ് തേടുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി മീ പ്രദേശം ബഫര്‍സോണായി നിലനിര്‍ത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശം ഹര്‍ജിയില്‍ ഇല്ല. വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച 44 എ ഖണ്ഡികയില്‍ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്റെ ആദ്യ അപേക്ഷ. ഇതിന് മുന്‍കാലപ്രാബല്യം ഉണ്ടോ എന്ന ചോദ്യം കേന്ദ്രം ഉന്നയിക്കുന്നു. ഇപ്പോള്‍ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടണം എന്ന് നിര്‍ദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെക്കുറിച്ചും കേന്ദ്രം കൂടുതല്‍ വ്യക്തത തേടുന്നുണ്ട്. കേരളം നേരത്തെ പുനപരിശോധന ഹര്‍ജിയാണ് നല്‍കിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതില്‍ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത. എന്നാല്‍ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.













