ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.
രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 ലേറെ സംഘടനകളുടെ പട്ടികയിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനം നടത്തി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പിഎഫ്‌ഐക്ക് ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ പിഎഫ്‌ഐയുടെ നിരോധനത്തിന് ശിപാര്‍ശ ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്













