കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നാലു മണിക്ക് കോട്ടയം പുത്തന്‍പള്ളിയില്‍ നടക്കും.
മൃതദേഹം കോട്ടയത്തെ കഞ്ഞിക്കുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇന്നു ഉച്ചയ്‌ക്ക് ഒരു മണിയോടെ കോട്ടയം മലയാള മനോരമ ഓഫീസിലും പൊതു ദര്‍ശനത്തിന് വെക്കും. 1917 ല്‍ കോട്ടയത്തെ കണ്‌ടത്തില്‍ കുടുംബത്തില്‍ കെ.സി മാമ്മന്‍മാത്യുവിന്റെയും കുഞ്ഞാണ്‌ടമ്മയുടെയും എട്ടാമത്തെ മകനായി ജനിച്ച കെ.എം മാത്യു 1954 ലാണ് മനോരമയുടെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റത്. 1973 ല്‍ അദ്ദേഹം ചീഫ് എഡിറ്ററായി. പിന്നീടിങ്ങോട്ട് ഒന്നാംനിര മാധ്യമസ്ഥാപനമായി മലയാള മനോരമയെ വളര്‍ത്തിയെടുത്തത് കെ.എം മാത്യുവായിരുന്നു.
മലയാള മാധ്യമലോകത്ത് പ്രൊഫഷണലിസം അവതരിപ്പിക്കുന്നതിലും കെ.എം മാത്യുവിന്റെ പങ്ക് വലുതായിരുന്നു. 1998 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 91 ല്‍ ഫൗണ്‌ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരവും മാധ്യമമേഖലയിലെ വിശിഷ്‌ടസേവനത്തിനുള്ള കേരള പ്രസ് അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം, രാമകൃഷ്‌ണ ജയ് ദയാല്‍ അവാര്‍ഡ്, ദുര്‍ഗപ്രസാദ് ചൗധരി അവാര്‍ഡ്, മികച്ച പത്രാധിപര്‍ക്കുള്ള ബിഡി ഗോയങ്ക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കെഎം മാത്യുവിനെ തേടിയെത്തിയിട്ടുണ്‌ട്. പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രസ്റ്റിയും ചെയര്‍മാനുമായിരുന്നു.
പിടിഐ ചെയര്‍മാന്‍, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മറ്റി അംഗം, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്‌ട്. എട്ടാമത്തെ മോതിരമാണ് ആത്മകഥ. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്‌ട്. പരേതയായ അന്നമ്മയാണ് ഭാര്യ. നാല് മക്കളുണ്‌ട്.
Discussion about this post