ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. അന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിവിധ കക്ഷികളുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍ ഹസാരെയും കൂട്ടരും അവര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ലോക്പാല്‍ ബില്‍ പാസാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആരാണ് നിയമം ഉണ്ടാക്കേണ്ടതെന്നും പാസാക്കണ്ടേതുമെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി പറഞ്ഞു.
ഉപവാസ സമരം പ്രഖ്യാപിച്ച ഹസാരെയെ അറസ്റ്റ് ചെയ്തത് സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണ്. ഹസാരെയുടെ സമരം ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനിടയുള്ളതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ട്. പോലീസിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ഹസാരെ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാര സമരം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഹസാരെയും സംഘവും ഡല്‍ഹി പോലീസിനെ സമീപിച്ചപ്പോള്‍ ക്രമസമാധാനം നിലനിര്‍ത്താനായി പോലീസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. പ്രധാനമന്ത്രി വ്യക്തമാക്കി.
ഹസാരെയും സംഘവും ജനപ്രതിനിധികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റ് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post