കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ഭരണ നിര്‍വഹണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാം. ഭരണ കാലയളവിലെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പതിവു നിയമന വ്യവസ്ഥകളില്‍ നിന്നു വ്യത്യസ്തമായി നിയമനങ്ങള്‍ നടത്താം. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയ കോടതി, ജീവനക്കാരുടെ എണ്ണം ജോലിക്കനുസൃതമായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. കൊച്ചിയിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കാനാവില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനം മാത്രമല്ല, ഗവര്‍ണറുടെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ തസ്തികകളെയും പബ്ലിക് സര്‍വീസ് കമ്മിഷനുമായുള്ള കൂടിയാലോചനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനമായി കാണാനാവില്ല. വിവിധ മേഖലകളിലെ പരിചയവും, സര്‍ക്കാരിന്റെ ആശയങ്ങളുമായി പൊരുത്തവുമുള്ളവരുടെ നിയമനം തെറ്റാണെന്നു കരുതാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post