കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ നിലയ്ക്കലിലും പമ്പയിലും ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. തിരക്ക് കാരണം മുതിര്‍ന്ന ഭക്തര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വാഹന സൗകര്യത്തിന്റെ അപര്യാപ്തത ദൂരദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെയും വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നതായി കോടതി നിരീക്ഷിച്ചു. ഉള്ള ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ച്, കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ അടിയയന്തരമായി നടപടി ആവശ്യപ്പെട്ടത്.
Discussion about this post