തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി വീണ്ടും കേട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
തൂക്ക് കയര്‍ വരെ കിട്ടാവുന്ന കുറ്റമാണ്‌ചെയ്തതെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും കോടതി പ്രതികളോട് ചോദിച്ചു. പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14നാണ് കാണാതായത്. ഏപ്രില്‍ 20ന് പൂനംതുരുത്തില്‍ ചതുപ്പില്‍ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികള്‍ യുവതിയെ സമീപിച്ചത്. തുടര്‍ന്ന് കണ്ടല്‍ക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post