തിരുവനന്തപുരം: വിഴിഞ്ഞം സമരം സമവായത്തിലൂടെ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു. വാടക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. സമരത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസത്തിലെ നഷ്ടപരിഹാരം നല്‍കുമെന്നും തീരുമാനമായി. ഇതോടെ 140 ദിവസങ്ങളായി നടന്നുവന്ന സമരമാണ് അവസാനിക്കുന്നത്.
മുന്‍പ് മന്ത്രിസഭാ ഉപസമിതിയുമായും ചീഫ് സെക്രട്ടറി വി.പി ജോയിയുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ആരംഭിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് ഊര്‍ജിത ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നത്.
അതേസമയം ഇന്നത്തെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നേരത്തെ സമരസമിതി യോഗം ചേര്‍ന്നിരുന്നു. നാല് നിര്‍ദ്ദേശങ്ങള്‍ ലത്തീന്‍ സഭ മുന്നോട്ടുവച്ചിരുന്നു. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന വാടക 5500 എന്നത് 8000 ആയി ഉയര്‍ത്തണമെന്നത് ഒന്ന്. സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. വാടക നല്‍കുന്നതിനുളള പണം അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും വേണ്ട, പ്രാദേശിക വിദഗ്ദ്ധനായ ആള്‍ തീരശോഷണം പഠിക്കാനുളള സമിതിയില്‍ വേണം എന്നിങ്ങനെയാണിവ.
കെ.രാജന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, വി.അബ്ദു റഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുളളത്. സമരസമിതിയുടെ ആവശ്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. സമരസമിതി കഴിഞ്ഞദിവസം ഉന്നയിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് ഇന്നും ചര്‍ച്ച തുടരുന്നത്.
Discussion about this post