ന്യൂഡല്‍ഹി: വരുന്ന അഞ്ച് മുതല്‍ ഏഴ് മാസങ്ങള്‍ക്കകം തന്നെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം-റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിലെ 4ജി സാങ്കേതികവിദ്യ ഉടനെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും രാജ്യത്ത് കമ്പനിയ്ക്ക് ആകെയുളള 1.35 ലക്ഷം ടവറുകളിലൂടെ ഇത് ലഭ്യമാക്കുമെന്നുമാണ് മന്ത്രി നല്‍കുന്ന വിവരം. ടെലികോം വികസന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ടെലികോം രംഗത്തെ തദ്ദേശീയ കണ്ടെത്തലുകള്‍ക്ക് പ്രോത്സാഹനത്തിനായി അനുവദിക്കുന്ന തുക 500 കോടിയില്‍ നിന്നും 4000 കോടിയായി ഉയര്‍ത്താന്‍ ആലോചിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ ശക്തമായ സ്ഥിരതയുളള ഘടകമാകുമെന്ന് പറഞ്ഞ മന്ത്രി രാജ്യത്ത് മറ്റൊരു കമ്പനിക്കും സാധിക്കാത്തത്ര, ഗ്രാമങ്ങളില്‍ പോലും കമ്പനിയുടെ സേവനമുണ്ടെന്നും അറിയിച്ചു. 5ജി ടെസ്റ്റിംഗിനാവശ്യമായ ഉപകരണങ്ങള്‍ കമ്പനിയ്ക്ക് നല്‍കാന്‍ ടാറ്റ കണ്‍സള്‍ട്ടണ്‍സി സര്‍വീസസിനോട്(ടിസിഎസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഎസ്എന്‍എലില്‍ 5ജി നിലവില്‍ വരുന്നതോടെ വിദൂരമേഖലകളില്‍ പോലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ സൂചനകളാണ് മന്ത്രി നല്‍കിയത്.














Discussion about this post