ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പുറപ്പെടുന്നതിന് മുമ്പ് എയര്‍ സുവിധയില്‍ പരിശോധനാഫലം അപ്ലോഡ് ചെയ്യണം. അടുത്തമാസം ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
2023 ജനുവരി ഒന്നുമുതല്‍ ചൈന, ഹോങ്കോംഗ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍,തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മാന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ചൈനയടക്കമുള്ള രാജ്യങ്ങള്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ഇന്ത്യയിലും പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്ത നാല്‍പ്പത് ദിവസം നിര്‍ണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
Discussion about this post