വര്‍ക്കല: 90-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ വഹിച്ചു. ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വൈകിട്ടോടെ വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകള്‍ ശിവഗിരിയില്‍ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം വീണ്ടും നടക്കുന്നത്.
Discussion about this post