ന്യൂഡല്‍ഹി: യേല്‍, ഓക്സ്ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ പ്രമുഖ വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് ഈ ചുവടുവയ്പ്പ്. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടുന്നതിനായുള്ള കരട് നിയമം യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന് റെഗുലേഷന് വ്യാഴാഴ്ച പുറത്തിറക്കി.
കരട് നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍, ഫീസ് ഘടന, സ്കോളര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. കൂടാതെ അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള അവകാശവും സ്ഥാപനങ്ങള്‍ക്കാകും. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ വിദേശ കോഴ്സുകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും ഇന്ത്യയെ ആഗോള പഠന കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും നിലനിര്‍ത്താനുമുള്ള ഒരു രാജ്യത്തിന്റെ കഴിവ് അളക്കുന്ന 2022ലെ ഗ്ലോബല്‍ ടാലന്റ് കോംപറ്റിറ്റീവ്നസ് ഇന്‍ഡക്സില്‍ 133 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.
Discussion about this post