കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ആശങ്കയുണ്ടാക്കിയെന്നും നോണ്‍ വെജ് ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം പറഞ്ഞു.
തന്നെ ഭയം പിടികൂടി, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളിവാരിയെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാന്‍ഡ് തന്നെയാണ്. പുതിയകാലത്തിന്റെ കലവറകളില്‍ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല. മാംസഭക്ഷണം ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കി.
കേരളത്തിലെ മാറിയ സാഹചര്യത്തില്‍ അടുക്കള നിയന്ത്രിക്കുന്നതില്‍ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും അദ്ദേഹം പറഞ്ഞു.
കൗമാരസ്വപ്നങ്ങള്‍ ആടിത്തിമര്‍ത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയില്‍ ഇത്തരം വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കൊടുത്തിട്ട് നില്‍ക്കുന്ന സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി.
Discussion about this post