ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠും സമീപപ്രദേശങ്ങളും എല്ലാ വര്‍ഷവും 2.5 ഇഞ്ച് വീതം താഴുന്നതായി പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രദേശത്തിന്റെ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. മുഴുവന്‍ പ്രദേശവും സാവധാനം താഴ്ന്നുക്കൊണ്ടിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. ജോഷിമഠില്‍ മാത്രമല്ല താഴ്വരയില് ഉടനീളം ഭൂമി താഴുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ കാട്ടിത്തരുന്നു.
ഈ വര്‍ഷമാണ് ജോഷിമഠില്‍ പ്രശ്നം ഗുരുതരമായത്. കെട്ടിടങ്ങളും റോഡുകളും വന്‍തോതില്‍ വിള്ളലുകള്‍ വികസിച്ചതോടെ ക്ഷേത്രനഗരമായ ജോഷിമഠ് പ്രതിസന്ധിയിലായി. 90 കിലോമീറ്റര്‍ താഴെയുള്ള മറ്റൊരു നഗരത്തിലും വിള്ളലുകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമീപത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ തപോവന്‍ പദ്ധതിയാണ് സ്ഥിതി വഷളാക്കിയതെന്ന് ജോഷിമഠിലെ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വിള്ളല്‍ വീണ വീടുകളുകളുടെ എണ്ണം 678 ആയി ഉയര്‍ന്നു. 27 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരിക്കയാണ്. ഇരുനൂറിലേറെ വീടുകളില്‍ ജില്ലാ ഭരണകൂടം റെഡ് ക്രോസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടകവീടുകളിലേക്കോ മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീടൊഴിയുന്ന ഓരോ കുടുംബത്തിനും മാസം തോറും 4000 രൂപ വീതം ആറു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. എന്‍ഡിആര്‍എഫ്, എസ്ഡിആര് എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ജോഷിമഠിലെ 16 സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂ ടാതെ 19 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒരുക്കിയിട്ടുണ്ട്.
Discussion about this post