ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് പൊതു വിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് ചെയ്തത്.
2011-2012 വര്‍ഷങ്ങളിലെ പ്രവേശനത്തിന് നിര്‍ദേശം ബാധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. പ്രവേശന നടപടികള്‍ അവസാനിച്ചിട്ടും ഒ.ബി.സി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളില്‍ പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്ത് 31വരെ നീട്ടി. അര്‍ഹരായ ഒ.ബി.സി വിദ്യാര്‍ഥികളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഈ ക്വാട്ടയില്‍ പ്രവേശനം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2008ലെ സുപ്രീംകോടതി വിധി പ്രകാരം പിന്നാക്കക്കാര്‍ക്കുള്ള കട്ട്ഓഫ് മാര്‍ക്ക് ജനറല്‍ വിഭാഗത്തിനുള്ള പൊതു യോഗ്യതാ മാര്‍ക്കിനെക്കാള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ മാത്രമേ കുറയാവൂവെന്ന് ഹര്‍ജിക്കാരനായ ചെന്നൈ ഐ.ഐ.ടി.യിലെ മുന്‍ പ്രൊഫസര്‍ പി.വി. ഇന്ദിരേശനുവേണ്ടി ഹാജരായ അഡ്വ. ഇന്ദു മല്‍ഹോത്ര കോടതിയില്‍ വാദിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയും ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടര്‍ന്നിരുന്നത്. പൊതുവിഭാഗത്തില്‍ നിന്ന് അവസാനമായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ മാര്‍ക്കിനെക്കാള്‍ പത്തു ശതമാനം മാര്‍ക്ക് പിന്നാക്ക യോഗ്യതയായി നിജപ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.
Discussion about this post