ചെന്നൈ: മലയാളികള്‍ക്ക് ഒട്ടേറെ മധുരഗാനത്തിന്റെ മാസ്മരികപ്രപഞ്ചം സൃഷ്ടിച്ച അനുഗ്രഹീത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാട്ടുപാക്കത്തെ വീട്ടില്‍ നിന്ന് പോരൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്റണിയുടെയും മേരിയുടെയും മകനാണ്. റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറിനുള്ള ഭൗതിക തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം അവിടെ നടക്കും.
ഗിത്താര്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക കഴിവുള്ള ജോണ്‍സണ് മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974ല്‍ ചെന്നൈയിലേക്ക് കൊണ്ടുവന്നത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാവുന്നത്. പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ‘നാടകമേ ഉലകം’ എന്ന ചിത്രത്തിനാണ് അവസാനമായി സംഗീതം ഒരുക്കിയത്.
Discussion about this post