കൊല്‍ക്കത്ത: കലാസംവിധായകന്‍ സമീര്‍ ചന്ദ(53) അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. മണിരത്‌നത്തിന്റെയും ശ്യാംബനഗലിന്റെയും സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ച സമീര്‍ ചന്ദ യോദ്ധ, ദയ എന്നീ മലയാള സിനിമകളിലും പ്രവര്‍ത്തിച്ചു. കലാസംവിധാനത്തിന് മൂന്നു തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദില്‍സെ, ഗുരു, രാവണ്‍, വെല്‍ക്കം ടു സജ്ജന്‍പുര്‍, ബോസ്, ഓംകാര, കമീനെ, രംഗ്‌ദെ ബസന്തി, ഗജനി, കൃഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
മിഥുന്‍ ചക്രവര്‍ത്തിയെ നായകനാക്കി ‘ഏക് നാദിര്‍ ഗാല്‍പൊ’ എന്നൊരു ബംഗാളി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ബംഗാളി സിനിമയില്‍ സജീവമായിരുന്ന സമീര്‍ ചന്ദ ബോളിവുഡിലും മുനിര സംവിധായകരുടെ പ്രിയപ്പെട്ട കലാസംവിധായകനായിരുന്നു. ഗൗതം ഘോഷിന്റെ നിരൂപകപ്രശംസ നേടിയ മോനേര്‍ മനുഷ്, ബുദ്ധദേബ് ദാസ് ഗുപ്തയുടെ കാല്‍പുരുഷ് എന്നിവയുടെ കലാസംവിധാനവും സമീര്‍ ചന്ദയാണ് നിര്‍വഹിച്ചത്.
Discussion about this post