കോട്ടയം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ഥികളുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പായത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വം തീരുമാനമുണ്ടാകുമെന്നും പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
ജാതി വിവേചനം കാണിക്കുന്നെന്ന് ആരോപണമുയര്‍ന്ന കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു. ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നായിരുന്നു വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നത്.













