കറാച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ അരക്ഷിതാവസ്ഥയിലായ പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായെന്ന് പാക് ധനമന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന് രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില കുത്തനെ വര്‍ധിപ്പിക്കാന്‍ കാരണം. ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാക്കിസ്ഥാന് ധനമന്ത്രി ഇസ്ഹാഖ് ദര് പറഞ്ഞു.
ഇതിനൊപ്പം മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. ഞായറാഴ്ച രാവിലെ 11 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.
2022 ല്‍ വിലക്കയറ്റം 25 ശതമാനം വരെ വര്‍ധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോര്‍ട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികള്‍ക്ക് 500 ശതമാനം വരെ വില കയറിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില.
Discussion about this post