തിരുവനന്തപുരം: ന്യൂമോണിയ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയാണ് അദ്ദേഹത്തിനുള്ളത്. ആന്റിബയോട്ടിക്ക് സ്റ്റാര്‍ട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആശയവിനിമയം നടത്തും.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തിയത്.
Discussion about this post