ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 7,800 കവിഞ്ഞു. തുര്‍ക്കിയില്‍ മാത്രം 5,894 പേരാണ് മരിച്ചത്. സിറിയയില്‍ 1932 പേരും മരിച്ചതോടെ ഇരുരാജ്യങ്ങളിലുമായി ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 7,826 ആണ്. അതേസമയം, മരണപ്പെട്ടവരുടെ എണ്ണം 20,000 കടന്നിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
തുര്‍ക്കിയുടെ തെക്കന്‍ ഭാഗങ്ങളിലും സിറിയയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായത്. തെക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പങ്ങള്‍ തകര്‍ത്ത പത്ത് പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് പ്രസിഡന്റ് തയിപ് എര്‍ദോഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടുത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
അതേസമയം, ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയില്‍ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വ്യോമസേനയുടെ സി -17 ഗ്‌ളോബ്മാസ്റ്റര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് വനിതകള്‍ ഉള്‍പ്പെടെ101അംഗങ്ങളുള്ള രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റുകള്‍ ഇന്നലെ തുര്‍ക്കിയിലെത്തിയത്. കമാന്‍ഡിംഗ് ഓഫീസര്‍ ഗുര്‍മിന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഗാസിയാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പോയത്.
അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കഴിവുള്ള നായകള്‍, ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങള്‍, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍, രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയും കൊണ്ടുപോയി. തുര്‍ക്കി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തും.
കരസേനയുടെ മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. 30 കിടക്കകള്‍, എക്സ്റേ, വെന്റിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, കാര്‍ഡിയാക് മോണിറ്ററുകള്‍ തുടങ്ങി ആശുപത്രി തയ്യാക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് രക്ഷാ സേനയെ അയയ്ക്കാന്‍ തീരുമാനമായത്.
Discussion about this post