ന്യൂഡല്‍ഹി: കേരളത്തിന് ജി എസ് ടി നഷ്ടപരിഹാര കുടിശിക നല്‍കാത്തത് സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനം അഞ്ചുവര്‍ഷമായി കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാലാണ് നഷ്ടപരിഹാരം നല്‍കാത്തതെന്നുമാണ് ധനമന്ത്രി പറഞ്ഞത്. കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം ലോക്സഭയില്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി.
‘ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ കേരളം അഞ്ചുവര്‍ഷമായി ഇത് നല്‍കിയിട്ടില്ല. 2018 മുതല്‍ ഒരുവര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജി എസ് ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല.ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്രത്തെ കുറ്റപ്പെടുത്തും’- മന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും ധനമന്ത്രി പ്രേമചന്ദ്രനോട് ആവശ്യപ്പെട്ടു.
2017 ജൂലായ് ഒന്നിന് ജി എസ് ടി നടപ്പിലായപ്പോള്‍ മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം ജി എസ് ടി നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയത്.ജി എസ് ടി നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വിദഗ്ധസമിതി ശുപാര്‍ശയെങ്കിലും നിലവില്‍ തുല്യമായാണ് വരുമാനം വീതിക്കപ്പെടുന്നത്.













