ബാംഗ്ലൂര്‍: അനധികൃത ഖനനത്തെക്കുറിച്ചുള്ള ലോകായുക്ത റിപ്പോര്‍ട്ടില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ലോകായുക്ത പ്രോസിക്യൂഷന്‍ നടപടി തുടങ്ങി. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത എ.ഡി.ജി.പി. ഗോന്‍ക്കറെ ചുമതലയേല്‍പ്പിച്ചുകൊണ്ട് ലോകായുക്ത ജസ്റ്റിസ് ശിവരാജ് വി. പാട്ടീല്‍ ഉത്തരവിട്ടു. ലോകായുക്ത റിപ്പോര്‍ട്ടില്‍ 22ാം അധ്യായത്തിലാണ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പരാമര്‍ശമുള്ളത്. ഖനന കമ്പനിയില്‍നിന്ന് യെദ്യൂരപ്പയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള പ്രേരണ എജുക്കേഷന്‍ ട്രസ്റ്റിലേക്ക് 10 കോടി രൂപ സംഭാവന ലഭിച്ചത് അടക്കം 30 കോടി രൂപയുടെ നേട്ടം യെദ്യൂരപ്പയുടെ കുടുംബത്തിന് ഉണ്ടായതായാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. പരാമര്‍ശത്തെത്തുടര്‍ന്ന് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ കുറ്റവിചാരണ ചെയ്യാനുള്ള അനുവാദം ഗവര്‍ണര്‍ ലോകായുക്ത പോലീസിന് നല്‍കി. ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ എ.ഡി.ജി.പി.യെ നിയോഗിച്ചതെന്ന് ലോകായുക്ത അറിയിച്ചു.
ലോകായുക്ത റിപ്പോര്‍ട്ടിലും അന്വേഷണം തുടങ്ങിയതോടെ യെദ്യൂരപ്പയുടെ നില ഒന്നുകൂടി പരുങ്ങലിലായിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ 22-ാം അധ്യായം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈകോടതിയുടെ പരിഗണനയിലാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി 22ന് കോടതിയുടെ പരിഗണനയില്‍ വരും.
Discussion about this post