ചെന്നൈ: ലോറിസമരം രണ്ടാം ദിവസം പിന്നിട്ടതോടെ പച്ചക്കറിക്ക് വില കൂടി. ചെന്നൈയിലെ പ്രമുഖ പച്ചക്കറിച്ചന്തയായ കോയമ്പേട്ടില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചതായി വ്യാപാരികള്‍ വ്യക്തമാക്കി. വ്യാഴാഴ്ച ഒരു കിലോ തക്കാളിക്ക് 8 രൂപയുണ്ടായിരുന്നത് ശനിയാഴ്ച 14 രൂപയായി. ഉരുളക്കിഴങ്ങിന്റെ വില 10 രൂപയില്‍ നിന്ന് 13-ഉം സവാള 13 രൂപയില്‍ നിന്ന് 19-ഉം ആയി. കാരറ്റിന് കഴിഞ്ഞ ദിവസം കിലോയ്ക്ക് 16 രൂപയായിരുന്നെങ്കില്‍ ശനിയാഴ്ച 32 രൂപയായി. ചില്ലറ വില്‍പ്പനശാലകളില്‍ വില ഇതിലും കൂടുതലാണ്. കോയമ്പേട്ട് പഴവര്‍ഗങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്നാണറിയുന്നത്. സമരം നീണ്ടാല്‍ പക്ഷേ, വൈകാതെ പഴ വിപണിയിലും വിലക്കയറ്റമുണ്ടാവും.
സമരം ശക്തമായി മുന്നോട്ടു പോവുകയാണെന്ന് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ഷണ്മുഖപ്പ പറഞ്ഞു. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലുമായി 26 ലക്ഷംലോറികള്‍ പണിമുടക്കിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ കൃഷ്ണഗിരി, ധര്‍മപുരി, സേലം, നാമക്കല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ചരക്കു നീക്കം നടക്കുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഷണ്മുഖപ്പ പറഞ്ഞു. എന്നാല്‍ ചെന്നൈയില്‍ ലോറിസമരം ചരക്കുനീക്കത്തെ ബാധിച്ചിട്ടില്ലെന്ന് ചെന്നൈ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്റെ കീഴിലുള്ള 18,000 ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും തങ്ങളുടെ ലോറികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി ജയലളിത ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് നാഗ്പാല്‍ പറഞ്ഞു. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെങ്കിലും ദേശീയ തലത്തില്‍ സമരം നടത്താതെ ചില സംസ്ഥാനങ്ങളില്‍ മാത്രമായി സമരം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. സുബ്രഹ്മണി പറഞ്ഞു.
Discussion about this post