തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2023-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(മാര്‍ച്ച് 5ന് രാവിലെ 9.45ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ വി.ഉണ്ണിക്കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരതി ഉഴിഞ്ഞാണ് ശ്രീരാമരഥത്തെ യാത്രയാക്കിയത്. ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരി, വിശ്വഹിന്ദുപരിഷത്ത് ഗവേണിംഗ് ബോഡി അംഗം അഡ്വ.കെ.മോഹന്‍കുമാര്‍, തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലാല്‍ജിത്.ടി.കെ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മാര്‍ച്ച് 8ന് കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപപ്രതിഷ്ഠ നടത്തി രഥയാത്ര ആരംഭിക്കും. കര്‍ണാടകയിലും കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം പൂര്‍ത്തിയാക്കി ശ്രീരാമനവമി ദിനമായ മാര്‍ച്ച് 30ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര പര്യവസാനിക്കും.
Discussion about this post