ന്യൂഡല്‍ഹി: മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്. ഗുജറാത്തിലെ സൂറത്ത് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 2019ല്‍ കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെയുള്ള മാനനഷ്ടകേസിലെ വിധിയാണ് ഇന്ന് വന്നത്. ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന കുടുംബപ്പേര്’ എന്ന് പറഞ്ഞതാണ് വിവാദമായത്. വിധി പറഞ്ഞതിന് പിന്നാലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും’ എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമര്‍ശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും കോടതിയില്‍ ഹാജരായിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പ് അത് നീക്കി. തുടര്‍ന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ അന്തിമവാദത്തിന് ശേഷം ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.













